ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ രാജ്
സയിദ് ഇലാഹി മസ്ജിദിന്റെ ഒരു ഭാഗം ഉള്‍പ്പെടെയാണ് ബുള്‍ഡോസറുകളാല്‍ ഒഴിപ്പിച്ചത്
ന്യൂഡല്‍ഹി: ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ സയിദ് ഇലാഹി മസ്ജിദിനു സമീപം ബുള്‍ഡോസര്‍ നടപടിയുമായി അധികൃതര്‍. പുലര്‍ച്ചെ ഒന്നരയ്ക്കാണ് നടപടിയാരംഭിച്ചത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സയിദ് ഇലാഹി മസ്ജിദിന്റെ ഒരു ഭാഗം ഉള്‍പ്പെടെയാണ് ഒഴിപ്പിച്ചത്. ഹൈക്കോടതി അനുമതിയോടെയാണ് ഒഴിപ്പിക്കലെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(എംസിഡി)ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൈയേറ്റ വിരുദ്ധ നടപടികളുടെ പേരില്‍ 17 ബുള്‍ഡോസറുകളാണ് വിന്യസിച്ചത്. രാംലീല മൈതാനത്തിലെ മസ്ജിദിനും ഖബര്‍സ്ഥാനും സമീപമുള്ള ഭൂമിയിലെ കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനുള്ള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മസ്ജിദ് സയ്യിദ് ഇലാഹി മാനേജിങ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചെങ്കിലും പൊളിക്കല്‍ നടപടികള്‍ തുടരുകയാണ്. ഉദ്യോഗസ്ഥര്‍ക്കു നേരെ ആളുകള്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.