ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; ഗസയിലെ മാനുഷിക പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍
ബ്രസ്സല്‍സ്: ഇസ്രായേല്‍ സൈന്യം നടത്തുന്ന തുടര്‍ച്ചയായ ബോംബാക്രമണത്തില്‍ വഷളായിക്കൊണ്ടിരിക്കുന്ന ഗസയിലെ മാനുഷിക പ്രതിസന്ധിയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍. ബ്രസ്സല്‍സില്‍ നടന്ന യോഗത്തില്‍, യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഗാസയിലെ മാനുഷിക സാഹചര്യത്തെയും, സിവിലിയന്‍ മരണങ്ങളെയും, പട്ടിണിയുടെ തോതിനെയും അപലപിച്ചു.
ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും എല്ലാ ബന്ദികളെ നിരുപാധികം മോചിപ്പിക്കണമെന്നും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നും യൂറോപ്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഗസയില്‍ ഇന്നു രാവിലെ മാത്രം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 71 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഗസ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം, ഇതുവരെ 56,000 ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും 132,000 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം, ഗസയിലെ ആരോഗ്യ പ്രതിസന്ധി അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭമുന്നറിയിപ്പ് നല്‍കി. ജലക്ഷാമവും വൃത്തിഹീനമായ സാഹചര്യങ്ങളും അസുഖങ്ങള്‍ വര്‍ധിക്കുന്നതിനും മരണനിരക്ക് ഉയരുന്നതിനും കാരണമാകുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 19,000ത്തിലധികം അക്യൂട്ട് വാട്ടര്‍ ഡയേറിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കൂടാതെ നൂറുകണക്കിന് അക്യൂട്ട് ജാന്‍ഡിസ് സിന്‍ഡ്രോം, ബ്ലഡി ഡയേറിയ എന്നിവയും റിപോര്‍ട്ട് ചെയ്തു. പൊതുജനാരോഗ്യ സംവിധാനത്തിന്റെ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ സപ്ലൈസ്, വെള്ളം, ശുചിത്വം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യം നിര്‍ണായകമാണെന്നും യു എന്‍ കൂട്ടിചേര്‍ത്തു.
