പാലക്കാട് ജില്ലാ ആശുപത്രിയില്‍ പിഴവ്; മൃതദേഹം തിരികെ വാങ്ങി ആശുപത്രി ജീവനക്കാര്‍
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പരാതി. ആത്മഹത്യ ചെയ്ത മുണ്ടൂര്‍ സ്വദേശി സദാശിവന്‍ എന്നയാളുടെ മൃതദേഹമാണ് പൊതുദര്‍ശനത്തിനിടെ തിരികെ ആശുപത്രിയില്‍ കൊണ്ടുവന്ന് പോസ്റ്റുമോര്‍ട്ടം ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജീവനക്കാരുടെ ഗുരുതരമായ വീഴ്ചയാണിതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഒരുമാസം ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സദാശിവന്‍ മരിച്ചതിനെ തുടര്‍ന്ന്, പോസ്റ്റുമോര്‍ട്ടം ആവശ്യമില്ലെന്ന് പറഞ്ഞാണ് ജീവനക്കാര്‍ മൃതദേഹം തിരിച്ചുനല്‍കിയത്. ചികില്‍സാ രേഖകളും കൈമാറി. ബന്ധുക്കള്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി പൊതുദര്‍ശനം നടക്കുന്നതിനിടെയാണ് വീണ്ടും ആശുപത്രിയില്‍ നിന്ന് വിളിച്ചത്. പോസ്റ്റുമോര്‍ട്ടം ചെയ്യാതെ മൃതദേഹം അടക്കിയാല്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് കിട്ടില്ലെന്ന് പറഞ്ഞാണ് മൃതദേഹം വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ പറയുന്നു. മൃതദേഹം വീണ്ടും കൊണ്ടുപോകാന്‍ വാഹനം അയക്കാമെന്നും എല്ലാ ചെലവും ആശുപത്രി വഹിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു.
ഒരു പക്ഷേ മൃതദേഹം ദഹിപ്പിച്ചതിന് ശേഷമാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിക്കുന്നതെങ്കില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അലയേണ്ടി വരുമായിരുന്നെന്നും കുടുംബം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ നല്‍കാന്‍ താല്‍പര്യമില്ലെന്നും സദാശിവന്റെ ബന്ധുക്കള്‍ അറിയിച്ചു.