എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തു, ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച മുതല്‍

Update: 2025-11-08 03:17 GMT

എറണാകുളം: കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരത് ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. രാവിലെ 8.15ന് വാരണാസിയിലാണ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്. ചടങ്ങുകള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് നടന്നത്. ബനാറസ്ഖജുരാഹോ, ലഖ്നൗസഹരന്‍പൂര്‍, ഫിറോസ്പൂര്‍ഡല്‍ഹി എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്ത മറ്റ് മൂന്നു വന്ദേ ഭാരത് സര്‍വീസുകള്‍.

ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവിലെത്തും. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10നാണ് തിരികെ യാത്ര. കേരളത്തില്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട്, കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളുണ്ട്. ബുധനാഴ്ചയൊഴികെ മറ്റു ദിവസങ്ങളില്‍ സര്‍വീസുണ്ടാകും.

കൊച്ചിയില്‍ നിന്ന് ബംഗ്ലൂരിലേക്ക് യാത്ര പോകാന്‍ ഉദ്ദേശിക്കുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. എട്ടു മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഈ റൂട്ടില്‍ വന്ദേഭാരത് അനുവദിക്കുന്നത്.

Tags: