എപ്സ്റ്റീന്‍ ഫയല്‍; ബ്രിട്ടീഷ് മുന്‍ രാജകുമാരന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ അറസ്റ്റില്‍
പിടിയിലായത് 66ാം ജന്മദിനത്തില്‍
ലണ്ടന്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ് രാജകുടുംബാംഗവും മുന്‍ രാജകുമാരനുമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ അറസ്റ്റില്‍. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി തേംസ് വാലി പോലിസാണ് 66ാം പിറന്നാള്‍ദിനത്തില്‍ ആന്‍ഡ്രൂവിനെ അറസ്റ്റ് ചെയ്തത്. യുഎസിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ആന്‍ഡ്രൂവിനെതിരേ അന്വേഷണം നടന്നുവരികയായിരുന്നു. തുടര്‍ന്നാണ് പബ്ലിക് ഓഫീസ് ദുരുപയോഗം ചെയ്തതിന് ആന്‍ഡ്രൂവിനെ പോലിസ് അറസ്റ്റ്ചെയ്തത്.
2010ല്‍ യുകെയുടെ വ്യാപാര പ്രതിനിധിയായിരിക്കെ എപ്സ്റ്റീന് രഹസ്യ രേഖകള്‍ കൈമാറി എന്ന എപ്സ്റ്റീന്‍ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് നടപടി. ആന്‍ഡ്രൂവിനെ നോര്‍ഫോക്കിലെ സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റിലുള്ള വുഡ് ഫാമില്‍ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ആന്‍ഡ്രൂ 'ട്രേഡ് എന്‍വോയ്' ആയിരുന്ന കാലത്ത് എപ്സ്റ്റീനുമായി രഹസ്യരേഖകള്‍ പങ്കുവെച്ചെന്നാണ് പരാതി. കൃത്യമായ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് പോലിസ് ആന്‍ഡ്രൂവിന്റെ അറസ്റ്റിലേക്ക് കടന്നതെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
എപ്സ്റ്റീന്‍ ഫയല്‍സില്‍ ആന്‍ഡ്രൂവിനെതിരേ നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും നിലവില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് മാത്രമാണ് നിയമനടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും റിപോര്‍ട്ടുകളിലുണ്ട്.
