പാര്‍ട്ടി അവഹേളിച്ചു എന്ന് ചിന്തിക്കാന്‍ സാധ്യതയുള്ള സഖാവല്ല ജി സുധാകരന്‍ എന്ന് ഇ പി ജയരാജന്‍
തിരുവനന്തപുരം: പാര്‍ട്ടി അവഹേളിച്ചു എന്ന് ചിന്തിക്കാന്‍ സാധ്യതയുള്ള സഖാവല്ല ജി സുധാകരന്‍ എന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്‍. ഞങ്ങളെല്ലാം വിദ്യാര്‍ഥി കാലം തൊട്ട് ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. ഒരുപാട് കാലത്തെ അനുഭവപരിചയമുള്ളവരാണ്. ഇങ്ങനെയൊക്കെ ചിന്തിക്കുന്ന സഖാവല്ല അദ്ദേഹമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
63 വര്‍ഷത്തെ പാര്‍ട്ടി അംഗത്വ ചരിത്രമുള്ള താന്‍ ഇനി അംഗത്വം പുതുക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.
നല്ല പക്വതയും കുറേ അനുഭവങ്ങളുമുള്ള ആളാണ് ജി സുധാകരന്‍. ആ നിലയില്‍ അദ്ദേഹം അങ്ങനെ ചിന്തിക്കും എന്ന് കരുതുന്നില്ല. അദ്ദേഹത്തെ പാര്‍ട്ടി എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് ഇ പി ജയരാജന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ സ്വമനസ്സാലെ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നുമാണ് ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചില്‍ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്നും പൊതുപരിപാടികളില്‍ അവഗണിച്ചെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ തനിക്ക് ക്ഷണക്കത്ത് പോലും നല്‍കിയില്ല. ആദര്‍ശ ആശയങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം നില്‍ക്കും. നിയമസഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് നേതൃത്വത്തിനെതിരേ ജി സുധാകരന്റെ വിമര്‍ശനം. സംസ്ഥാന സെക്രട്ടറി താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന തരത്തില്‍ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു.
