അനാഥരായ കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കല്‍; വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ഉത്തരവിട്ട് കോടതി

Update: 2025-08-06 09:23 GMT

ന്യൂഡല്‍ഹി: അനാഥരായ കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം ലഭിക്കാന്‍ അനുവദിക്കുന്ന വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ഉത്തരവിട്ട് സുപ്രിംകോടതി. മേഘാലയ, സിക്കിം, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന , കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ അനാഥ ജനസംഖ്യ കണക്കാക്കുന്നതിനുള്ള സര്‍വേ, നിലവാരമുള്ള വിദ്യാഭ്യാസം, സംവരണം എന്നിവ നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ പൗലോമി പവിനി ശുക്ല സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഉത്തരവ്. 'ഡല്‍ഹി, മേഘാലയ, സിക്കിം, അരുണാചല്‍ പ്രദേശ്, ഗുജറാത്ത് ആര്‍ടിഇ നിയമത്തിലെ സെക്ഷന്‍ 12(1)(സി) യുടെ നിര്‍വചനത്തില്‍ അനാഥരെ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്, മറ്റ് സംസ്ഥാനങ്ങളും ഇതേ വിജ്ഞാപനം പുറപ്പെടുവിക്കണം. അത്തരം നടപടിക്രമങ്ങള്‍ 4 ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം,' കോടതി ഉത്തരവിട്ടു.

എത്ര അനാഥ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നിഷേധിച്ചുവെന്നും എന്തുകൊണ്ടാണെന്നും ചോദിച്ച കോടതി ഇക്കാര്യത്തില്‍ ഒരു സര്‍വേ നടത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാനങ്ങളോട് ഉത്തരവിട്ടു.

Tags: