മതി, മതി, ഇതിന് ഒരു അവസാനം ഉണ്ടാകണം; ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമര്‍പ്പിച്ച പുതിയ ഹരജികള്‍ തള്ളി സുപ്രിംകോടതി

സുപ്രിംകോടതി പുതിയ ഹരജികള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി

Update: 2025-02-17 11:29 GMT

ന്യൂഡല്‍ഹി: 1991ലെ ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമര്‍പ്പിച്ച പുതിയ ഹരജികള്‍ തള്ളി സുപ്രിംകോടതി. ഈ വിഷയത്തില്‍ സുപ്രിംകോടതി പുതിയ ഹരജികള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. 'മതി, മതി, ഇതിന് ഒരു അവസാനം ഉണ്ടാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിയമത്തെ അനുകൂലിച്ച് നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍, ഹിന്ദുത്വ ഗ്രൂപ്പുകളും വലതുപക്ഷ സംഘടനകളും ഇതിനെ എതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 10 പള്ളികളോളം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ട് ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ 18 കേസുകളിലെ നടപടികള്‍ കോടതി നിര്‍ത്തിവച്ചു. ക്ഷേത്ര-പള്ളി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ശാഹീ ഈദ്ഗാഹ്-കൃഷ്ണ ജന്മഭൂമി, കാശി വിശ്വനാഥ്-ഗ്യാന്‍വാപി പള്ളി, സംഭല്‍ പള്ളി തര്‍ക്കങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

കഴിഞ്ഞ തവണ പുതിയ ഹരജികള്‍ സമര്‍പ്പിക്കാന്‍ അനുവദിച്ചിരുന്നെങ്കിലും അത്തരം ഇടപെടലുകള്‍ക്ക് ഒരു പരിധി ഉണ്ടായിരിക്കണമെന്ന് വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ വാദം കേള്‍ക്കല്‍ കോടതി ഏപ്രില്‍ ആദ്യ വാരത്തിലേക്ക് മാറ്റി.