തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തിന്റെ റിപോര്‍ട്ട് പുറത്ത്. അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപോര്‍ട്ടാണ് പുറത്ത് വന്നത്. അന്‍വര്‍ ഉന്നയിച്ച പരാതികളില്‍ ഒന്നിനും തെളിവില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. മരംമുറി ആരോപണത്തില്‍, മുറിച്ചിട്ട തേക്ക് മരങ്ങള്‍ അജിത്കുമാര്‍ കടത്തിക്കൊണ്ടുപോയി എന്ന് പി വി അന്‍വര്‍ ഉന്നയിച്ച ആരോപണം തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവും ആണെന്ന് സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് റിപോര്‍ട്ട് പറയുന്നു.
ഫ്ളാറ്റ് വില്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണം തെറ്റാണെന്ന് അന്വേഷണത്തില്‍ മനസിലായിട്ടുളളതാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ധനസമ്പാദനത്തില്‍ ക്രമക്കേടുകള്‍ നടത്തുന്നു എന്നതിന് അജിത്കുമാറിനെതിരേ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവും ആണെന്ന് റിപോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
പരാതിക്കാരന്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപോര്‍ട്ടില്‍ സ്ഥാപിക്കുന്നു. എന്നാല്‍ അന്വേഷണ സംഘം പരാതിക്കാരന്റെ മൊഴിപോലും എടുത്തിട്ടില്ല. ഇനി മറ്റൊന്ന് അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്‍കുന്ന റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത് ലീഗല്‍ അഡൈ്വസറുടെ ഒപ്പില്ലാതെയാണ്. അതായത്, കൃത്യമായ അന്വേഷണം നടത്താതെ, നടപടിക്രമങ്ങള്‍ പാലിക്കാതെ കേവലം, അജിത് കുമാര്‍ നല്‍കിയ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയാണ് റിപോര്‍ട്ട് ഉണ്ടാക്കിയിരിക്കുന്നത്.