ഷാഫി പറമ്പില്‍ എംപിക്കെതിരേ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇ എന്‍ സുരേഷ് ബാബു

Update: 2025-09-26 07:34 GMT

പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരേ ഉന്നയിച്ച ആരോപണം മാറ്റിപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. അനാവശ്യമായി കോലിട്ട് ഇളക്കാന്‍ വന്നാല്‍ അതിന്റെ വലിയ പ്രത്യാഘാതം ആരാണ് നേരിടേണ്ടിവരികയെന്ന് നിങ്ങള്‍ മനസിലാക്കണമെന്നും സുരേഷ് ബാബു പറഞ്ഞു.

കേരളത്തിലെ വികസനവും ക്ഷേമവുമാണ് പൊതു സമൂഹം ചര്‍ച്ച ചെയ്യേണ്ടതെന്നും അല്ലാതെ അശ്ലീലകഥകളല്ലെന്നും സുരേഷ് ബാബു പറഞ്ഞു.കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളെല്ലാം വെറുതെ പറഞ്ഞതല്ല. കാര്യത്തില്‍ വ്യക്തതയുണ്ട്. എന്നാല്‍ അതൊന്നും ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസുകാര്‍ക്ക് പരാതി നല്‍കുകയോ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യാമെന്നും സുരേഷ്ബാബു പറഞ്ഞു.

ആരെയെങ്കിലും ഒന്ന് നന്നായി കണ്ടാല്‍ എന്നാല്‍ പിന്നെ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാം എന്നു ഷാഫി പറയുമെന്നും സ്ത്രീവിഷയത്തില്‍ ഷാഫി, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാസ്റ്റര്‍ ആണെന്നുമാണ് ഷാഫി പറമ്പിലിനെതിരേ സുരേഷ് ബാബു ഉന്നയിച്ച ആക്ഷേപം. കോണ്‍ഗ്രസില്‍ ഉള്ളവരെല്ലാം ഈ വിഷയത്തില്‍ അതിലും വലിയ അധ്യാപകരാണെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.

ഇതിനു മറുപടിയായി , ഇതാണോ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രമെന്നും മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണോ വ്യക്തിഹത്യയെന്നും ഷാഫി ചോദിച്ചിരുന്നു. വ്യക്തിപരമായി തകര്‍ക്കാനാണ് ശ്രമം. ആദ്യം എന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചു. ഇതില്‍ എം എ ബേബിയും മുഖ്യമന്ത്രിയും മറുപടി പറയണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Tags: