കൊല്ലത്ത് ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്ന ജീവനക്കാരന്‍ പിടിയില്‍

Update: 2026-04-06 14:47 GMT

കൊല്ലം: ചടമയമംഗലം കൂരിയോട് ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്ന ജീവനക്കാരന്‍ പിടിയില്‍. സ്പൈസി ഹോട്ടല്‍ ഉടമ സക്കീര്‍ ഹുസൈനാണ് കൊല്ലപ്പെട്ടത്. മലപ്പുറം സ്വദേശിയായ ഇര്‍ഷാദാണ് പിടിയിലായത്. കൂലി സംബന്ധമായ തര്‍ക്കമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് പറയുന്നത്.

കടക്കല്‍ മേഖലയിലുള്ള സക്കീറിന്റെ മറ്റൊരു ഹോട്ടലില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഇര്‍ഷാദ്, കൂലി സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്നു. പിന്നീട് ഒരു മാസം മുന്‍പാണ് ഇയാള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്. ഇന്ന് കൂരിയോടുള്ള ഹോട്ടലില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയതായിരുന്നു ഉടമയായ സക്കീര്‍. ഇവിടേക്കെത്തിയ ഇര്‍ഷാദ് ഹോട്ടലിന്റെ മുകളിലത്തെ മുറിയില്‍ വെച്ച് ഉടമയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം നാട്ടില്‍ അത്യാവശ്യമായി പോകണമെന്ന് മറ്റൊരു ജീവനക്കാരനെ വിശ്വസിപ്പിച്ച് ബസ് സ്റ്റാന്‍ഡിലെത്തിയ ഇര്‍ഷാദ് അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പോലിസ് ഇയാളെ മണ്ണന്തലയില്‍ വെച്ച് പിടികൂടുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ചടയമംഗലം പോലിസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.