ജോര്‍ജിയയില്‍ അടിയന്തര ലാന്‍ഡിങ്; തിരക്കേറിയ റോഡിലിറങ്ങിയ വിമാനം വാഹനങ്ങളുമായി കൂട്ടിയിടിച്ചു
വാഷിംഗ്ടണ്‍: യുഎസിലെ ജോര്‍ജിയ സംസ്ഥാനത്തെ ഗെയിന്‍സ്‌വില്ലില്‍ തിരക്കേറിയ റോഡില്‍ അടിയന്തരമായി ഇറക്കിയ ചെറിയ വിമാനം വാഹനങ്ങളുമായി കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റോഡില്‍ ലാന്‍ഡിങ് നടത്തേണ്ടിവന്നെങ്കിലും യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഗെയിന്‍സ്‌വില്ലയിലെ ലീ ഗില്‍മര്‍ മെമ്മോറിയല്‍ വിമാനത്താവളത്തില്‍ നിന്ന് കാന്റണിലെ ചെറോക്കി കൗണ്ടി റീജണല്‍ വിമാനത്താവളത്തിലേക്ക് പറക്കുന്നതിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പൈലറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കാന്‍ ശ്രമിച്ചു. എന്നാല്‍ റണ്‍വേയില്‍ എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായതിനെ തുടര്‍ന്നാണ് സമീപത്തെ റോഡില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
ലാന്‍ഡിങ് സമയത്ത് വിമാനം നിരവധി കാറുകളുമായി ഇടിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. സുരക്ഷാ കാരണങ്ങളാല്‍ റോഡ് അടച്ചിടുകയും ചെയ്തു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്കുകളില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.