ഇന്‍ഡിഗോ വിമാനത്തില്‍ ലാന്‍ഡിങിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം
ബെംഗളൂരു: ലാന്‍ഡിങിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി യുവാവ്. ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് യാത്രക്കാരനായ മുഹമ്മദ് അദ്‌നാന്‍ അപകടകരമായ രീതിയില്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. പൈലറ്റിന്റെയും ക്രൂ അംഗങ്ങളുടെയും കൃത്യസമയത്തുള്ള ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
യാത്ര ആരംഭിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോഴും ഇയാള്‍ എമര്‍ജന്‍സി വാതിലില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചിരുന്നു. യുവാവിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ലാന്‍ഡിങിന് തൊട്ടുമുമ്പ് വീണ്ടും ശ്രമം ആവര്‍ത്തിക്കുകയായിരുന്നു. വിമാനം നിലത്തിറങ്ങാന്‍ ഏകദേശം 500 അടി മാത്രം ബാക്കി നില്‍ക്കേയാണ് വീണ്ടും ഇത് ആവര്‍ത്തിച്ചത്. ഇതോടെ പൈലറ്റ് ഉടന്‍ ലാന്‍ഡിങ് ഒഴിവാക്കി വിമാനം വീണ്ടും ഉയര്‍ത്തി. തുടര്‍ന്ന് കുറച്ച് സമയത്തിന് ശേഷം സുരക്ഷിതമായി വിമാനം ഇറക്കുകയായിരുന്നു. യാത്രക്കാര്‍ ക്രൂ അംഗങ്ങളുടെ ഇടപെടലിന് നന്ദി രേഖപ്പെടുത്തി.
വിമാനം ഇറങ്ങിയ ഉടന്‍ തന്നെ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സിഐഎസ്എഫിനും കൈമാറി. പോലിസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം വിചിത്രമായ വിശദീകരണം നല്‍കിയ ഇയാള്‍ പിന്നീട് സംഭവം അബദ്ധമായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ കുടുംബത്തെ വിവരം അറിയിച്ചതായും അവര്‍ വാരണാസിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും പോലിസ് അറിയിച്ചു.