കലൂര്‍ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിലെ പെറ്റ് ഷോയില്‍ ആന; റിപോര്‍ട്ട് തേടി വനംവകുപ്പ്
കൊച്ചി: കലൂര്‍ ഗ്രീറ്റസ് പബ്ലിക് സ്‌കൂളില്‍ നടന്ന പെറ്റ് ഷോയുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് തേടി വനംവകുപ്പ്. സ്‌കൂളിലെ പെറ്റ് ഷോയുടെ ഭാഗമായി കുട്ടികള്‍ വിവിധ തരം വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവന്നിരുന്നു. ഇതിനിടയില്‍ ഒരു വിദ്യാര്‍ഥി ആനയുമായി എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കുട്ടികള്‍ ആനപ്പുറത്ത് ഇരിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു. സോഷ്യല്‍ ഫോറസ്റ്റട്രി വിഭാഗമാണ് സ്‌കൂള്‍ അധികൃതരില്‍ നിന്ന് റിപോര്‍ട്ട് തേടിയത്. ഇടപ്പള്ളി റേഞ്ചിലെ ഉദ്യോഗസ്ഥരാണ് സ്‌കൂള്‍ അധികൃതരോട് വിശദീകരണം ചോദിച്ചത്.
കഴിഞ്ഞ ദിവസമാണ് കലൂര്‍ ഗ്രീറ്റസ് പബ്ലിക് സ്‌കൂളില്‍ പെറ്റ് ഷോ സംഘടിപ്പിച്ചത്. വളര്‍ത്തു മൃഗങ്ങളെ അടുത്തറിയാനുള്ള അവസരമായാണ് പെറ്റ് ഷോ സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ആനയുള്‍പ്പടെയുള്ള മൃഗങ്ങളെ സ്‌കൂളില്‍ എത്തിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ആനയുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ആനയ്ക്ക് പുറമേ കുതിര, എലി വര്‍ഗത്തില്‍പ്പെട്ട ഹാംസ്റ്റര്‍, ആമ, ഇഗ്വാന, പൂച്ചകള്‍, നായ്ക്കള്‍, വര്‍ണ്ണമത്സ്യങ്ങള്‍ എന്നിവയും പെറ്റ് ഷോയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ആനയെ സ്‌കൂളിലെത്തിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോയെന്നും കുട്ടികളെ ആനപ്പുറത്ത് കയറ്റാന്‍ അനുവാദമുണ്ടായിരുന്നോയെന്നും വനംവകുപ്പ് ചോദിച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം 'ഷെഡ്യൂള്‍ഡ്' വിഭാഗത്തില്‍പ്പെടുന്ന മൃഗങ്ങളെ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ടെങ്കില്‍ സ്‌കൂളിനെതിരേ കര്‍ശന നടപടിയുണ്ടാകും. അതേസമയം, ആനയെ കൊണ്ടുവന്നത് അനുമതിയോടെയാണെന്നും, ആനപ്പുറത്ത് കയറിയത് ഉടമകളാണെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ മറുപടി. രണ്ടാം വര്‍ഷമാണ് സ്‌കൂളില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. വനംവകുപ്പിന്റെ ചോദ്യങ്ങള്‍ക്ക് നാളെ മറുപടി നല്‍കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
