തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിയെ തുടര്‍ന്ന് എന്‍ഡിഎ വിടാന്‍ ബിഡിജെഎസില്‍ ചര്‍ച്ച. ബിജെപിയുടെ അവഗണന നേരിട്ട് മുന്നണിയില്‍ തുടരേണ്ടതില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വികാരം. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍പ്പോലും അവഗണിക്കുന്നുവെന്നും നേതൃത്വം തീരുമാനിച്ച സ്ഥലങ്ങളില്‍പ്പോലും ബിജെപിക്കാര്‍ വേറെ പത്രിക നല്‍കുന്നുവെന്നുമായിരുന്നു ബിഡിജെഎസുകാരുടെ ആദ്യ പരാതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ബിഡിജെഎസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പളളിയും കൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിച്ചെന്നാണ് അവകാശപ്പെട്ടത്. 40 നിയോജകമണ്ഡലങ്ങളില്‍ മാത്രമേ ബിഡിജെഎസിന് സീറ്റു നല്‍കിയുള്ളൂ, അവിടെയും ബദല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി, ആര്‍ക്കും വേണ്ടാത്ത സീറ്റു നല്‍കി, പിടിവാശിമൂലം ചേര്‍ത്തല മേഖലയിലെ പലയിടങ്ങളിലും ഇരുപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികളില്ലാതായി തുടങ്ങിയ പരാതികളാണ് ബിഡിജെഎസ് നേതാക്കള്‍ക്കുള്ളത്. കൊച്ചി കോര്‍പ്പറേഷനില്‍ കഴിഞ്ഞതവണ രണ്ടാമതെത്തിയ സീറ്റ് ബിജെപി. പിടിച്ചെടുത്ത് മത്സരിച്ചു തോറ്റതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും എസ്എന്‍ഡിപി യോഗം നേതൃത്വത്തിന്റെ നിലപാടനുസരിച്ചാകും തുടര്‍നടപടി.