സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ വോട്ടുതട്ടിപ്പും പൂരം കലക്കലും നടന്നെന്ന് യുഡിഎഫ്-എല്‍ഡിഎഫ് വിലയിരുത്തല്‍

Update: 2025-08-16 03:28 GMT

തൃശ്ശൂര്‍: തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ ഉന്നതാധികാരികള്‍ ഒത്തുകളിച്ചെന്ന നിഗമനത്തില്‍ യുഡിഎഫും എല്‍ഡിഎഫും. ബൂത്ത് ലെവല്‍ ഓഫിസര്‍മാരില്‍(ബിഎല്‍ഒ) നിന്ന് ലഭിച്ച വിവരങ്ങളും തിരഞ്ഞെടുപ്പുഘട്ടത്തിലുണ്ടായ അസ്വാഭാവികനീക്കങ്ങളുമാണ് ഇതിന് അടിസ്ഥാനം. നഗരത്തിലെ ഫ് ളാറ്റുകള്‍ കേന്ദ്രീകരിച്ച് അന്തിമഘട്ടത്തില്‍ നടത്തിയ പേരുചേര്‍ക്കലില്‍ സംശയമുണ്ടെന്നും മിക്കവരും ഇവിടെ താമസക്കാരല്ലെന്നും ബിഎല്‍ഒമാര്‍ അറിയിച്ചെങ്കിലും അത് ഉന്നതാധികാരികള്‍ അവഗണിച്ചു. ഇല്ലാത്തവരുടെ പേര് ചേര്‍ക്കാനാവില്ലെന്ന നിലപാടെടുത്ത ഒരു ബിഎല്‍ഒയെ സ്ഥാനത്തുനിന്നു മാറ്റി. അപേക്ഷിച്ചവരെയെല്ലാം പട്ടികയിലുള്‍പ്പെടുത്താനായിരുന്നു ഉന്നതതലനിര്‍ദേശമെന്ന് ചില ബിഎല്‍ഒമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പു ചുമതലയുള്ള ടി എന്‍ പ്രതാപന്‍ 2024 ഏപ്രില്‍ 14നും എല്‍ഡിഎഫിന്റെ ചുമതലയുണ്ടായിരുന്ന കെ പി രാജേന്ദ്രന്‍ എപ്രില്‍ 15നും സിപിഐ നേതാവ് അഡ്വ. കെ ബി സുമേഷ് ഏപ്രില്‍ 13നും നടപടിയാവശ്യപ്പെട്ട് കത്തു നല്‍കിയിരുന്നു. എവിടെയെല്ലാമാണ് വ്യാജവോട്ട് ചേര്‍ത്തതെന്ന വിവരം അടക്കമായിരുന്നു പരാതി. എന്നാല്‍, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായിരുന്ന വി ആര്‍ കൃഷ്ണതേജ പരാതികള്‍ പരിഗണിച്ചതേയില്ല.

തൃശൂരിലെ പ്രധാന ഉല്‍സവമായ തൃശൂര്‍ പൂരത്തിന് അസ്വാഭാവികമായ നിയന്ത്രണം ഏര്‍പ്പെടുത്തി പ്രശ്‌നങ്ങളുണ്ടാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുകയും ചെയ്തു. പൂരംകലക്കല്‍ സംബന്ധിച്ച അന്വേഷണത്തില്‍, അന്ന് തൃശ്ശൂരിലുണ്ടായിരുന്ന എഡിജിപിക്ക് വ്യക്തമായ പങ്കുണ്ടെന്ന രീതിയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ടുമുണ്ടായി. അന്നത്തെ സിറ്റി പോലിസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ പ്രശ്‌നമുണ്ടാക്കുംവിധം ഇടപെടുന്നതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നു. പൂരത്തില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി ദുരൂഹസാഹചര്യത്തില്‍ രംഗത്തെത്തിയതും വിവാദമായി. സുരേഷ് ഗോപിയെ കൃത്യമായി സ്ഥലത്തെത്തിക്കാനും അതുവഴി വിജയം ഉറപ്പിക്കാനുമായി ആസൂത്രണം ചെയ്തതാണ് പൂരം കലക്കലെന്നാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്നത്.