തിരഞ്ഞെടുപ്പില്‍ സിപിഎം വോട്ടു മറിച്ചു; എല്‍ഡിഎഫ് മുന്നണി വിടാന്‍ ആര്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി

Update: 2026-01-27 16:12 GMT

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനിലെ പരാജയത്തില്‍ അതൃപ്തി പരസ്യമാക്കി ആര്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി. മല്‍സരിച്ച സീറ്റുകളില്‍ തോല്‍പ്പിക്കാന്‍ സിപിഎം ശ്രമിച്ചെന്ന ആരോപണത്തിനു പിന്നാലെയാണ് ആര്‍ജെഡി മുന്നണി വിടുന്നത്. മുന്നണി വിടണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നേതൃത്വം തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ കോഴിക്കോട് കോര്‍പറേഷനിലെ ആര്‍ജെഡി സ്വതന്ത്രമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റജാഥയുമായി സഹകരിക്കില്ല. തോല്‍വിയില്‍ അഞ്ചുപേര്‍ക്കെതിരേ പരാതി നല്‍കിയിട്ടും സിപിഎം അവഗണിച്ചെന്നും ആര്‍ജെഡി ജില്ലാ നേതൃത്വം വ്യക്തമാക്കി.

കോഴിക്കോട് ആര്‍ജെഡി മല്‍സരിച്ചിരുന്ന അഞ്ച് ഡിവിഷനുകളില്‍ നാലിടത്തും തങ്ങളെ തോല്‍പ്പിക്കാനായി സിപിഎം വോട്ട് മറിച്ചുവെന്നാണ് ആര്‍ജെഡിയുടെ പ്രധാന ആരോപണം. വോട്ട് മറിക്കാനായി സിപിഎം നേതാക്കള്‍ വീടുകള്‍ കയറി പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്. സിപിഎം ഏരിയ കമ്മിറ്റിയംഗം അനീഷ്, ലോക്കല്‍ കമ്മിറ്റിയംഗം ഷീബ, സി ടി പ്രേമന്‍, ദീപ്തി തുടങ്ങിയ സിപിഎം നേതാക്കള്‍ക്കെതിരേ ഈ വിഷയത്തില്‍ ആര്‍ജെഡി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ സിപിഎം നടപടി സ്വീകരിച്ചില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ആര്‍ജെഡിയുടെ എല്‍ഡിഎഫ് മുന്നണി വിടാനുള്ള തീരുമാനം. ആര്‍ജെഡി സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം ഇനി നിര്‍ണായകമാണ്.