'തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ യുക്തിരഹിതം'; ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടര്‍മാരുടെ ജില്ല തിരിച്ചുള്ള പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക: സുപ്രിംകോടതി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ യുക്തിരഹിതം എന്ന് സുപ്രിംകോടതി. ബിഹാറിലെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഏകദേശം 65 ലക്ഷം വോട്ടര്‍മാരുടെ ജില്ലാ തിരിച്ചുള്ള പട്ടിക ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. മരണം, ഇരട്ട പൗരത്വം തുടങ്ങി എന്ത് കാരണങ്ങള്‍ നിരത്തിയാണ് ഇത്രയും ആളുകളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതെന്നും കോടതി ചോദിച്ചു. കാരണങ്ങള്‍ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി. ഈ വിവരങ്ങള്‍ ബീഹാറിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പ്രദര്‍ശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു
വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ വരുന്നവര്‍ക്ക് അവരുടെ രേഖകളായി ആധാറിനെയും പരിഗണിക്കണമെന്നും കോടതി പറഞ്ഞു. മരിച്ചെന്ന് കാട്ടി ഒഴിവാക്കിയ 22 ലക്ഷം പേരുടെ പട്ടിക പുറത്തുവിടാത്തതെന്തുകൊണ്ടാണെന്ന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു
സാധാരണക്കാര്‍ക്ക് അനുകൂലമായ ഒരു പൊതു അറിയിപ്പ് ഏറ്റവും ലളിതമായ ഭാഷയില്‍ പ്രസിദ്ധീകരിക്കണമെന്ന് ജസ്റ്റിസ് കാന്ത് പറഞ്ഞു. 'പൂനം ദേവിയെ ഒഴിവാക്കിയിട്ടുണ്ടെങ്കില്‍, താന്‍ ഇല്ലാതാക്കിയെന്നും എന്തിനാണ് ഇല്ലാതാക്കിയതെന്നും പൂനം ദേവിക്ക് അറിയാന്‍ കഴിയണം,' ജസ്റ്റിസ് കാന്ത് പറഞ്ഞു.
തിരഞ്ഞടുപ്പ് സുതാര്യമായിരിക്കണമെന്നും അതില്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കാനിടവരുത്തരുതെന്നും കോടതി പറഞ്ഞു. ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാകരുത് എന്നും ഹരജിയിലെ നടപടികള്‍ അവസാനിപ്പിക്കില്ലെന്നും തീവ്ര പരിഷ്‌കരണ നടപടികള്‍ അവസാനിക്കുംവരെ മേല്‍നോട്ടം തുടരുമെന്നും കോടതി അറിയിച്ചു. ഒഴിവാക്കിയവരുടെ പട്ടിക മൂന്നുദിവസത്തിനകം ജില്ലാ തലത്തില്‍ പ്രസിദ്ധീകരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയോട് പറഞ്ഞു.
