ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം കേരളത്തിലും നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2025-09-12 03:01 GMT

തിരുവനന്തപുരം: ബിഹാര്‍ മാതൃകയില്‍ കേരളത്തിലും വോട്ടര്‍ പട്ടികയില്‍ തീവ്രപരിഷ്‌കരണം നടത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാറിലെ നടപടി എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനം ഉണ്ടായിരുന്നു. കേന്ദ്ര കമ്മീഷന്റെ അനുമതി വന്നാലുടന്‍ അന്തിമ പ്രഖ്യാപനം നടത്തും. പരിഷ്‌കരണത്തിനു മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും.

വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം അടുത്തമാസം മുതല്‍ തുടങ്ങുമെന്നാണ് റിപോര്‍ട്ട്. സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശമുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ നടത്തിയ വോട്ടര്‍ പട്ടിക പരിഷ്‌കരണം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.  ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ ഇപ്പോഴും കേസ് നടക്കുന്നുണ്ട്.

പുനഃപരിശോധന സമയത്ത് വോട്ടര്‍മാരെ തിരിച്ചറിയാന്‍ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശികമായി അംഗീകരിക്കപ്പെട്ടതും ലഭ്യമാകുന്നതുമായ സര്‍ട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഇത് തീരുമാനിക്കുന്നത്. ഇവ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും.

Tags: