എസ്‌ഐആറില്‍ പരാതികള്‍ കേള്‍ക്കാമെന്ന് ടിഎംസിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2025-11-25 11:16 GMT

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ സമഗ്രമായ പരിഷ്‌കരണത്തിനെതിരേ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശക്തമായ എതിര്‍പ്പുകള്‍ക്കിടെ, വിഷയത്തില്‍ ആവശ്യമായ ചര്‍ച്ച നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി പരാതികള്‍ കേള്‍ക്കാന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ ക്ഷണിച്ചു. നവംബര്‍ 28 ന് രാവിലെ 11 മണിക്ക് ന്യൂഡല്‍ഹിയിലെ അശോക റോഡിലുള്ള ആസ്ഥാനത്തായിരിക്കും കൂടിക്കാഴ്ച.

പശ്ചിമ ബംഗാളിലെ എസ്ഐആര്‍ പ്രക്രിയയെ ടിഎംസി ശക്തമായി വിമര്‍ശിച്ചിരുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ലക്ഷ്യമിട്ടുള്ള ബിജെപിയുടെയും ഇസിഐയുടെയും രാഷ്ട്രീയ പ്രേരിത നീക്കമാണിതെന്ന് അവര്‍ ആരോപിച്ചു.

മാതാ ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും ഈ സംരംഭത്തെ 'സൈലന്റ് ഇന്‍വിസിബിള്‍ റിഗ്ഗിംങ് എന്നാണ് വിമര്‍ശിച്ചത്. ഇത് യഥാര്‍ഥ വോട്ടര്‍മാരെ, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളെയും ബംഗാളി കുടിയേറ്റക്കാരെയും ലക്ഷ്യമിടുന്നുവെന്നും അവര്‍ വ്യക്തമാക്കി.

Tags: