എസ്‌ഐആര്‍ നീട്ടി വയ്ക്കല്‍; സംസ്ഥാന സര്‍ക്കാരിന്റെ ഹരജി എതിര്‍ത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ) നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ ശക്തമായി എതിര്‍ത്തു. ഈ ആവശ്യത്തിന് സംസ്ഥാന സര്‍ക്കാരിന് നിയമപരമായ അവകാശമില്ലെന്നും, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തടസ്സമോ സംശയമോ തോന്നിയാല്‍ അപേക്ഷിക്കേണ്ടത് കമ്മീഷനാണെന്നും സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ പൂര്‍ണമായും കമ്മീഷന്റെ അധികാര പരിധിയിലാണെന്നും, നിലവില്‍ എസ്‌ഐആറും തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും തമ്മില്‍ സംഘര്‍ഷമില്ലെന്നും, ജില്ലാ കളക്ടര്‍മാര്‍ ആവശ്യമായ സഹകരണം നല്‍കുകയാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ എസ്‌ഐആര്‍ നടപടികളില്‍ നിന്ന് മാറി നില്‍ക്കാനോ നീട്ടി വെക്കാനോ ആവശ്യമായ സാഹചര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഹരജി തള്ളണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്‌ഐആര്‍ നടപടികള്‍ ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനത്തിന് സമ്മര്‍ദ്ദം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി നല്‍കിയ റിട്ട് ഹരജിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ നീട്ടി വയ്ക്കല്‍ ആവശ്യപ്പെട്ടിരുന്നത്.