അഞ്ചു സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ സമയപരിധി നീട്ടി ഇലക്ഷന്‍ കമ്മീഷന്‍

Update: 2026-01-16 07:41 GMT

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ സമയപരിധി നീട്ടി ഇലക്ഷന്‍ കമ്മീഷന്‍. ഗോവ, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് എസ്‌ഐആര്‍ നടപടികല്‍ ഇലക്ഷന്‍ കമ്മീഷന്‍ നീട്ടിയിരിക്കുന്നത്. ജനുവരി 15നു നടപടികള്‍ അവസാനിക്കാനിരിക്കെയാണ് ഇലക്ഷന്‍ കമ്മീഷന്റെ നടപടി. ജനുവരി 19വരെയാണ് എസ്‌ഐആര്‍ നടപടികള്‍ നീട്ടിയിരിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് ഇലക്ഷന്‍ കമ്മീഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ വഴിയും സാധ്യമായ മറ്റെല്ലാ പ്ലാറ്റുഫോമുകള്‍ വഴിയും ഇക്കാര്യം ബിഎല്‍ഒമാരെയും വോട്ടര്‍മാരെയും അറിയിക്കണമെന്നും ഇലക്ഷന്‍ കമ്മീഷന്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സമയ പരിധി നീട്ടിയത് കൊണ്ടുതന്നെ വോട്ടര്‍മാര്‍ക്ക് തങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിക്കാനും, തിരുത്തലുകള്‍ക്കും എന്യുമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കുന്നതിനും കൂടുതല്‍ സമയം ലഭിച്ചിരിക്കുകയാണ്. 2026ല്‍ നിയമസഭാ ഇലക്ഷന്‍ നേരിടുന്ന പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ യോഗ്യരായ എല്ലാ പൗരന്മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്. കുടിയേറ്റം, മരണം, ഡ്യൂപ്ലിക്കേറ്റ് എന്‍ട്രികള്‍ തുടങ്ങി വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടവ ഒഴിവാക്കാനും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്താനും സമയം കൂടുതല്‍ ആവശ്യമായി വന്നതിനാലും വളരെ സൂക്ഷ്മതയോടെ എസ്‌ഐആര്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കേണ്ടതിനാലും മൂന്നാം തവണയാണ് ഈ സംസ്ഥാനങ്ങളില്‍ സമയപരിധി നീട്ടുന്നത്.

Tags: