പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇലക്ഷന്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ നീക്കം ചെയ്തു. മമത ബാനര്‍ജി സര്‍ക്കാരിലെ സംസ്ഥാന ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയെയും ആഭ്യന്തര സെക്രട്ടറി ജഗദീഷ് പ്രസാദ് മീനയെയുമാണ് കമ്മീഷന്‍ പദവിയില്‍ നിന്ന് നീക്കം ചെയ്തത്. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം 1993 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ദുഷ്യന്ത് നരിയാലയെ പുതിയ മുഖ്യ സെക്രട്ടറിയായി നിയമിച്ചു. 1997 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ സംഘമിത്ര ഘോഷിനെ ഹോം ആന്‍ഡ് ഹില്‍ അഫയേഴ്‌സ് വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു.
തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ മാറ്റപ്പെട്ട ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരു ചുമതലയിലും നിയോഗിക്കരുതെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷന്‍ സെക്രട്ടറി സുജിത് കുമാര്‍ മിശ്രയാണ് ഉത്തരവില്‍ ഒപ്പുവച്ചത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഇരു ഉദ്യോഗസ്ഥരെയും മാറ്റാനുള്ള തീരുമാനം എടുത്തതെന്ന് കമ്മീഷന്‍ അറിയിച്ചു. പുതിയ നിയമനങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും പുതുതായി നിയമിതരായ ഉദ്യോഗസ്ഥര്‍ ഇന്ന് മൂന്നു മണിക്ക് മുന്‍പ് ചുമതലയേറ്റതായി റിപോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് നടക്കുന്ന എസ്‌ഐആര്‍ നടപടികളെ ചൊല്ലി തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ ഉദ്യോഗസ്ഥ മാറ്റം അപൂര്‍വ്വമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി ഏപ്രില്‍ 23നും 29നും നടക്കും. മെയ് 4നാണ് വോട്ടെണ്ണല്‍.
