പശ്ചിമ ബംഗാളില്‍ 173 പോലിസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ വ്യാപകമായ പോലിസ് പുനസംഘടന നടത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി 173 പോലിസ് ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റിയതായി കമ്മീഷന്‍ അറിയിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും മല്‍സരിക്കുന്ന ഭബാനിപൂര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക മണ്ഡലങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഏറെ ശ്രദ്ധേയമായ ഭബാനിപൂര്‍ മണ്ഡലത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലെ സൗമിത്ര ബസുവിനെ പുതിയ ചുമതലയിലേക്ക് നിയോഗിച്ചു.
കൊല്‍ക്കത്തയിലെ അലിപൂര്‍, ടോളിഗഞ്ച്, ഗരിയാഹട്ട് തുടങ്ങിയ പ്രധാന പോലിസ് സ്‌റ്റേഷനുകളിലും മാറ്റം ബാധകമാണ്. ഇതോടൊപ്പം 18 ജില്ലകളിലായി 83 ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാരെയും റിട്ടേണിംഗ് ഓഫീസര്‍മാരെയും കമ്മീഷന്‍ സ്ഥലംമാറ്റി. നന്ദിഗ്രാം ഉള്‍പ്പെടെയുള്ള 14 ബ്ലോക്കുകളിലും പുതിയ നിയമനങ്ങള്‍ നടപ്പിലാക്കി. കൂച് ബെഹാര്‍, മാല്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ഭും, പശ്ചിം മേദിനിപുര്‍, ഹൗറ, നോര്‍ത്ത്‌സൗത്ത് 24 പര്‍ഗനാസ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് മാറ്റം ബാധിച്ചത്. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കമ്മീഷന്റെ നടപടി വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
സ്ഥലംമാറ്റങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.
