അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാത്തതിന് പിന്നില്‍ ഗൂഢാലോചന; തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിലേത് പോലെ പെരുമാറുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഭരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി പക്ഷപാതരമായി പെരുമാറുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അതേ പതിപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ നടപ്പിലാക്കുകയാണ്. നവംബര്‍ 14നു പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ച അന്തിമ വോട്ടര്‍ പട്ടിക സാങ്കേതിക പ്രശ്‌നം മൂലമാണ് നാലുദിവസം പിന്നിട്ടിട്ടും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ പറ്റാത്തതെന്നാണ് കമ്മീഷന്റെ വാദം.
അന്തിമ വോട്ടര്‍ പട്ടിക ലഭ്യമല്ലാത്തതിനാല്‍ സംസ്ഥാനത്തുടനീളം നോമിനേഷന്‍ പ്രക്രിയ പ്രതിസന്ധിയിലാണ്. സ്ഥാനാര്‍ഥികളുടെയും പിന്താങ്ങുന്നവരുടെയും ക്രമനമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നാമനിര്‍ദേശ പത്രകയില്‍ പൂരിപ്പിക്കാന്‍ അന്തിമ വോട്ടര്‍ പട്ടിക ലഭ്യമായാല്‍ മാത്രമേ സാധിക്കുകയുള്ളൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും അസാധാരണമാണ്. സംസ്ഥാനത്ത് പലയിടത്തും പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റപ്പെട്ടിരിക്കുന്നു. ഇത്രയും ദിവസം പിന്നിട്ടിട്ടും നോമിനേഷന്‍ പ്രക്രിയയെ പ്രതിസന്ധിയിലാക്കും വിധം പട്ടിക പ്രസിദ്ധീകരിക്കുന്നുമില്ല. വലിയ ഗൂഢാലോചനയുണ്ടെന്നാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്. ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ സന്നദ്ധമാകണം. അന്തിമ വോട്ടര്‍ പട്ടിക ഇന്നുതന്നെ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും റസാഖ് പാലേരി കൂട്ടിച്ചേര്‍ത്തു.
