ഇടുക്കി: ഇടുക്കി രാജകുമാരിയില്‍ നടുമറ്റം സ്വദേശിയായ വയോധികയെ കെട്ടിയിട്ട് ഒന്നരപ്പവന്‍ സ്വര്‍ണവും 5000 രൂപയും കവര്‍ന്നു.80 വയസ്സുള്ള മറിയക്കുട്ടിയെ ആണ് കെട്ടിയിട്ട് മോഷണം നടത്തിയത്. രാവിലെ ഒമ്പത് മണിയോടെ മറിയക്കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്.
കുടിവെള്ളം ചോദിച്ചാണ് മൂന്ന് പേരടങ്ങുന്ന സംഘം പാലത്തിങ്കല്‍ മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. മറിയക്കുട്ടി വെള്ളമെടുക്കാനായി അകത്തേക്ക് പോയ ഉടനെ മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കടക്കുകയും കൈകള്‍ ബന്ധിച്ച് ഊണു മേശയില്‍ കെട്ടിയിട്ട ശേഷം ദേഹത്തുണ്ടായിരുന്ന ഒന്നരപ്പവന്‍ സ്വര്‍ണം മോഷ്ടിക്കുകയും ചെയ്തു. മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും സംഘം കവര്‍ന്നു.
കവര്‍ച്ചക്കിടെ മറിയക്കുട്ടി സ്വയം കെട്ടഴിച്ച ശേഷം പുറത്തേക്ക് ഓടി സമീപത്ത് തടിപ്പണിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളെ വിവരമറിയിച്ചു. തൊഴിലാളികള്‍ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ പോലിസ് കേസെടുത്തു.