ചാലക്കുടി: തമിഴ്‌നാട് മലക്കപ്പാറ ഷോളയാര്‍ ഡാം പരിസരത്ത് വയോധകയെ പുലി ആക്രമിച്ച് കൊന്നു. ഷോളയാര്‍ അണക്കെട്ടിനു സമീപം താമസിക്കുന്ന എന്നാസ്സി അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം മുതല്‍ ഇവരെ കാണാനില്ലായിരുന്നു. വൈകുന്നേരം മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് സമീപപ്രദേശത്തെല്ലാം തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തെ തോട്ടത്തിലാണ് പുലി ഭക്ഷിച്ച നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
എന്നാസ്സി അമ്മാളെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു. മൃതദേഹത്തിന്റെ പകുതി ഭാഗം മാത്രമാണ് കണ്ടെത്താനായത്. വനപാലകരുടെ പ്രാഥമിക പരിശോധനയിലാണ് പുലിയാണ് ആക്രമിച്ചതെന്ന് കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശവാസികള്‍ വലിയ ഭീതിയിലാണ്. ഇന്നലെ പകല്‍ തന്നെ ഇവരെ പുലി ആക്രമിച്ചിട്ടുണ്ടാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാസ്സി അമ്മാളും മകനും കൂലിത്തൊഴിലാളികളാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.