കോഴിക്കോട്: താമരശേരിയില്‍ വയോധികയുടെ വീട്ടില്‍ മോഷണം. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് ഏഴുപവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ന്നു. കതിരോട് ഓടര്‍പൊയില്‍ വല്‍സലയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി 9.30യോടെ മോഷണം നടന്നത്. വല്‍സലയുടെ മുഖത്ത് തുണിയിട്ട് മൂടിയാണ് മോഷണം. വൈദ്യുതി പോയപ്പോള്‍ പെട്ടെന്നൊരാള്‍ മുഖത്ത് തുണിയിട്ട് മൂടിയെന്ന് വല്‍സല പറഞ്ഞു. അലമാരയില്‍ സൂക്ഷിച്ച മൂന്നുസ്വര്‍ണ വളകളും രണ്ടുമോതിരങ്ങളും കാലിലുണ്ടായിരുന്ന പാദസ്വരവും മോഷ്ടാക്കള്‍ കൊണ്ടുപോയി.
വല്‍സല ഉടനെ അയല്‍വാസിയെ അറിയിച്ചു. അയല്‍വാസിയെത്തി പരിശോധിച്ചപ്പോള്‍ മെയില്‍ സ്വിച്ച് ഓഫാക്കിയ നിലയില്‍ കണ്ടെത്തി. താമരശേരി പോലിസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. താമരശേരിയിലെ ഒറ്റപ്പെട്ട പ്രദേശത്ത് തനിച്ചാണ് 64കാരിയായ വല്‍സല താമസിക്കുന്നത്. മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. വീടിനെക്കുറിച്ച് അറിയാവുന്നയാളാണോ മോഷണം നടത്തിയതെന്ന് സംശയിക്കുന്നതായി പോലിസ് അറിയിച്ചു.