വീടിന്റെ ടെറസിന്റെ മുകളില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്

Update: 2025-09-29 16:49 GMT

തിരുവനന്തപുരം: നെടുമത്ത് വീടിന്റെ ടെറസില്‍ 62-കാരന്റെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ് സ്ഥിരീകരിച്ചു. ആല്‍ത്തറ സ്വദേശി രാജേന്ദ്രന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ നെടുമം വെള്ളാര്‍വാര്‍ഡില്‍ രാജീവി(42)നെ കോവളം പോലിസ് അറസ്റ്റ് ചെയ്തു. രാജീവിന് രാജേന്ദ്രനോടുള്ള വൈരാഗ്യവും പ്രതിയുടെ അമ്മയെ രാജേന്ദ്രന്‍ ഉപദ്രവിച്ചതിന്റെ പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് അറിയിച്ചു.

സെപ്റ്റംബര്‍ 17-നാണ് രാജേന്ദ്രനെ സഹോദരിയുടെ വീടിന്റെ ടെറസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് മുകളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് ടെറസില്‍ അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രാജേന്ദ്രന്റേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കഴുത്തില്‍ ശക്തമായി അമര്‍ത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് രാജീവിനെയും രാജേന്ദ്രന്റെ സഹോദരിയെയും മറ്റുബന്ധുക്കളെയും പോലിസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. ഇവരില്‍ രാജീവിനെ മാത്രം പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഇയാള്‍ കുറ്റംസമ്മതിച്ചതെന്നും ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ് പത്രസമ്മേളനത്തില്‍ പറഞ്ഞു.