ആലുവയില്‍ കടന്നലാക്രമണത്തില്‍ വയോധികന്‍ മരിച്ചു

രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ ആശുപത്രിയില്‍

Update: 2025-10-08 11:58 GMT

കൊച്ചി: ആലുവയില്‍ കടന്നല്‍ കുത്തേറ്റ് 68കാരന്‍ മരിച്ചു. കീഴ്മാട് നാലാം വാര്‍ഡില്‍ കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസന്‍ എന്നയാളാണ് മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ പ്രഭാതിനും സുഹൃത്ത് അജിത്തിനും കടന്നല്‍ കുത്തേറ്റു. പ്രഭാത് ആശുപത്രിയില്‍ ചികില്‍സയിലാണ്. വയലില്‍ പശുവിനെ കെട്ടാന്‍ പോയപ്പോഴാണ് സംഭവം.

ബുധനാഴ്ച രാവിലെ പത്തരയോടെ സമീപത്തുള്ള വയലില്‍ പശുവിനെ കെട്ടാന്‍ പോയപ്പോഴാണ് കടന്നല്‍ കുത്തേറ്റത്. കടന്നലുകള്‍ കൂട്ടത്തോടെ അക്രമിക്കുകയായിരുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കടന്നല്‍ കുത്തേറ്റ് കിടന്ന ശിവദാസനെ ഏറെ പണിപ്പെട്ടാണ് മകന്‍ പ്രഭാതും സമീപവാസികളും ചേര്‍ന്ന് സ്ഥലത്തുനിന്ന് മാറ്റിയത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ഷികവൃത്തി ചെയ്യുന്നയാളാണ് മരണപ്പെട്ട ശിവദാസന്‍.

'നിലവിളിക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങള്‍ ഓടിയെത്തിയത്. ആദ്യം നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചാണ് പിന്നീട് ശിവദാസനെ അവിടെനിന്ന് മാറ്റാനായത്'.-സുഹൃത്ത് അജിത്ത് പറഞ്ഞു.

Tags: