കൊച്ചി: കോതമംഗലത്ത് 37.229 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി. ഇടുക്കി പീരുമേട് ഏലപ്പാറ ഹെലിബെറിയയില്‍ ഒറ്റപ്ലാക്കല്‍ വീട്ടില്‍ റിസാന ഫാത്തിമ(18), കോതമംഗലം ഇരമല്ലൂര്‍ പൂത്തോളില്‍ വീട്ടില്‍ അനന്തു പ്രസാദ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്പനയ്ക്കായി ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടികൂടിയത്. പ്രതികള്‍ മയക്ക് മരുന്ന് ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു.
നിയമസഭാ ഇലക്ഷന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം ടൗണ്‍ കേന്ദ്രീകരിച്ച് കോതമംഗലം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എം പിയും സംഘവും നടത്തിയ പരിശോധനയാലാണ് ഇരുവരും പിടിയിലായത്. റിസാന ഫാത്തിമ കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണല്‍ കോളേജില്‍ പഠനത്തിനായി വന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പഠനം ഉപേക്ഷിച്ച് മയക്ക് മരുന്ന് വില്പനയിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. ദിവസേന 3,000 രൂപയോളം വാടകയുള്ള ഹോട്ടല്‍ റൂമുകളില്‍ ആഡംബര ജീവിതം നയിച്ചായിരുന്നു പ്രതികളുടെ ലഹരി ഇടപാടുകള്‍. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.