കുറി തൊട്ടതിന് എട്ടുവയസുകാരനായ ഹിന്ദു വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
ലണ്ടനിലെ സ്‌കൂളിലാണ് സംഭവം
യുനൈറ്റഡ് കിങ്ഡം: നെറ്റിയില്‍ കുറി തൊട്ടതിന് എട്ടുവയസുകാരനായ ഹിന്ദു വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ലണ്ടനിലെ യുനൈറ്റഡ് കിങ്ഡത്തിലുള്ള ഗ്രീന്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. മതപരമായ ആചാരത്തിന്റെ പേരിലാണ് എട്ടുവയസുകാരനെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതെന്നും ആരോപണമുണ്ട്.
സ്‌കൂളിലെ ജീവനക്കാര്‍ കുട്ടിയുടെ മതപരമായ ആചാരം വിശദീകരിക്കാനും ന്യായീകരിക്കാനും ആവശ്യപ്പെട്ടതായി ബ്രിട്ടീഷ് ഹിന്ദു-ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷക സംഘടനയായ ഇന്‍സൈറ്റ് യുകെ പറഞ്ഞു. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ പല സമയങ്ങളിലും കുട്ടിയെ ഭയപ്പെടുത്തുന്ന രീതിയില്‍ നോക്കിയെന്നും, ഇത് മൂലം വിദ്യാര്‍ഥി കൂട്ടുകാരില്‍ നിന്ന് ഒറ്റപ്പെടാന്‍ കാരണമായെന്നും ആരോപണമുണ്ട്. ഒരു കുട്ടിയും തന്റെ വിശ്വാസം കാരണം അധികാരമുള്ള വ്യക്തിയില്‍ നിന്ന് നിരീക്ഷിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യരുതെന്ന് ഇന്‍സൈറ്റ് യുകെ വക്താവ് പറഞ്ഞു.
ഹിന്ദു ആചാരങ്ങളുടെ മതപരമായ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപകനേയും സ്‌കൂള്‍ അധികൃതരേയും ബോധവല്‍ക്കരിക്കുന്നതിനായി വിദ്യാര്‍ഥിയുടെ മാതാപിതാക്കളും മറ്റ് രക്ഷിതാക്കളും ശ്രമങ്ങള്‍ നടത്തിയതായി റിപോര്‍ട്ടുണ്ട്. എന്നാല്‍, ഈ ശ്രമങ്ങള്‍ തള്ളിക്കളയപ്പെട്ടുവെന്നും, ഹിന്ദു മതപരമായ ആചാരങ്ങള്‍ അംഗീകരിക്കാനോ മനസിലാക്കാനോ സ്‌കൂള്‍ നേതൃത്വം വിമുഖത കാണിച്ചതായും റിപോര്‍ട്ടുണ്ട്. വികാരിയുടെ ഗ്രീന്‍ പ്രൈമറി സ്‌കൂളിലെ മതപരമായ വിവേചനം കാരണം കുറഞ്ഞത് നാല് വിദ്യാര്‍ഥികളെങ്കിലും സ്‌കൂള്‍ വിടാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്ന് അഭിഭാഷക സംഘം ചൂണ്ടിക്കാട്ടി.
