അസമില്‍ ട്രെയിനിടിച്ച് എട്ട് ആനകള്‍ ചരിഞ്ഞു

Update: 2025-12-20 06:04 GMT

ദിസ്പൂര്‍: അസമിലെ ഹോജായ് ജില്ലയില്‍ ട്രെയിനിടിച്ച് എട്ട് ആനകള്‍ ചരിഞ്ഞു. സൈറാംഗ് - ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ഇടിച്ചാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെ 2.17-ഓടെ ഹോജായ് ജില്ലയിലെ ചാങ്ജുറായി മേഖലയിലാണ് അപകടം. ആനക്കൂട്ടത്തെ ഇടിച്ചതിനെത്തുടര്‍ന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി.

മിസോറാമിലെ സൈറാംഗില്‍ നിന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലിലേക്ക് പോവുകയായിരുന്നു രാജധാനി എക്‌സ്പ്രസ്. കാടിനുള്ളിലൂടെയുള്ള റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തിനിടയിലേക്കാണ് അതിവേഗത്തില്‍ വന്ന ട്രെയിന്‍ ഇടിച്ചുകയറിയത്.എന്നാല്‍ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടതായി നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ വക്താവ് അറിയിച്ചു.

നിലവില്‍ ഇതുവഴിയുള്ള ട്രെയിനുകള്‍ മറ്റ് പാതകളിലൂടെ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ട്രാക്കില്‍ കുടുങ്ങിയ ട്രെയിന്‍ മാറ്റുന്നതിനും ഗതാഗതം പുനസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തില്‍ ഒരു ആനയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

Tags: