തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫിലെ എട്ടു വാര്‍ഡ് അംഗങ്ങള്‍ രാജിവച്ചു
തൃശൂര്‍: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിലെ എട്ടു കോണ്‍ഗ്രസ് വാര്‍ഡ് അംഗങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വിമതരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അംഗങ്ങള്‍ വ്യക്തമാക്കി. മറ്റത്തൂര്‍ പഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പത്തു സീറ്റുകളും യുഡിഎഫ് എട്ടു സീറ്റുകളും നേടിയിരുന്നു. ഇതിന് പുറമെ രണ്ടു കോണ്‍ഗ്രസ് വിമതരും വിജയിച്ചിരുന്നു. വിമതരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിന് പിന്നാലെയാണ് നിലവിലെ വാര്‍ഡ് അംഗങ്ങള്‍ കൂട്ടത്തോടെ രാജിവച്ചത്.
പാര്‍ട്ടി നേതൃത്വം മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോടും താഴെത്തട്ടിലെ പ്രവര്‍ത്തകരോടും കാണിച്ച നീതികേടിനെതിരേ പ്രതിഷേധിച്ചാണ് രാജിയെന്ന് അംഗങ്ങള്‍ അറിയിച്ചു. മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, ലിന്റോ പള്ളിപറമ്പന്‍, സിജി രാജേഷ്, സിബി പൗലോസ്, നൂര്‍ജഹാന്‍ നവാസ് എന്നിവരാണ് രാജിവച്ചത്.