ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ കാംകോൾ ഗ്രാമത്തിലെ ഈദ്ഗാഹ് മൈതാനത്തിന്റെ മതിൽ അജ്ഞാതർ പൊളിച്ചു.
എല്ലാ ഈദിനും പ്രദേശവാസികൾ നമസ്കാരം നടത്തുന്ന ഈദ്ഗാഹിന് ഏകദേശം 150 വർഷം പഴക്കമുണ്ട്. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള 4.3 ഏക്കർ സ്ഥലമാണ് ഈദ്ഗാഹ്. ഇതിൻ്റെ മതിലാണ് ഞായറാഴ്ച പുലർച്ചെ 3 മണിയോടെ ചിലർ നശിപ്പിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഗറെഡ്ഡി പോലീസ് പ്രദേശത്ത് പിക്കറ്റ് സ്ഥാപിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
അടുത്ത കാലത്തായി, ബിജെപി പ്രവർത്തകർ പങ്കെടുത്ത വർഗീയ സംഭവങ്ങൾ ജില്ലയിൽ റിപോർട്ട് ചെയ്തിട്ടുണ്ട്.ഏപ്രിലിൽ, ഒരു ക്ഷേത്രത്തിലെ വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഹിന്ദുത്വർ ഒരു മദ്‌റസയും പള്ളിയും ദർഗയും ആക്രമിച്ചു.. എന്നാൽ, ഒരു കുരങ്ങൻ വിഗ്രഹത്തിന് കേടുപാടുകൾ വരുത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തു വന്നു.