തെലങ്കാനയിലെ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നാലാം ദിവസത്തിലേക്ക്
ഹൈദരാബാദ്: തെലങ്കാനയിലെ നാഗര്‍കുര്‍നൂള്‍ ജില്ലയിലെ തുരങ്കത്തില്‍ കുടുങ്ങിയ എട്ട് പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നാലാം ദിവസത്തിലേക്ക്. അപകടസ്ഥലത്ത് ചെളി നിറഞ്ഞതിനാല്‍ താല്‍ക്കാലികമായി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. രണ്ട് എഞ്ചിനീയര്‍മാര്‍, രണ്ട് ഓപ്പറേറ്റര്‍മാര്‍, നാല് തൊഴിലാളികള്‍ എന്നിരാണ് കുടുങ്ങികിടക്കുന്നത് എന്നാണ് വിവരം.
2023-ല്‍ ഉത്തരാഖണ്ഡിലെ സില്‍ക്കിയാര ബെന്‍ഡ്-ബാര്‍കോട്ട് തുരങ്കത്തില്‍ കുടുങ്ങിയ നിര്‍മ്മാണ തൊഴിലാളികളെ രക്ഷപ്പെടുത്തിയ ഖനന തൊഴിലാളികളുടെ സംഘം, കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ രക്ഷാസംഘത്തോടൊപ്പം ചേര്‍ന്നിട്ടുണ്ട്.
ഓരോ മിനിറ്റിലും ഏകദേശം 3,200 ലിറ്റര്‍ വെള്ളം തുരങ്കത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്, ഇത് വലിയ അളവിലുള്ള മണലും പാറയും അവശിഷ്ടങ്ങളുമായി കലര്‍ന്ന് കൂടുതല്‍ ചെളി നിറയുന്നതിനു കാരണമാവുന്നുണ്ട്. എന്നിരുന്നാലും, തുരങ്കത്തിലെ വെള്ളം വറ്റിക്കുന്നതിനാല്‍ ഇത് ആശങ്കാജനകമല്ല എന്നാണ് അധികൃതര്‍ പറയുന്നത്.