ഉല്‍സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടല്‍ സാധ്യമാക്കും: മന്ത്രി ജി ആര്‍ അനില്‍

സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ തുടങ്ങി

Update: 2025-12-22 16:12 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ഉല്‍സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടല്‍ സാധ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ജനങ്ങള്‍ക്ക് ആശ്വാസകരമായ രീതിയില്‍ വിപണിയില്‍ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സപ്ലൈക്കോയുടെ ഉല്‍സവ ഫെയറുകളിലൂടെ കഴിയും. സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രൈവ്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലാണ് ഫെയറുകള്‍ നടത്തുന്നത്. അതോടൊപ്പം സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാലയില്‍ പ്രത്യേക ഫെയറുണ്ടാകും. ഡിസംബര്‍ 31 വരെയാണ് ഫെയറുകള്‍.

280ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവും ലഭിക്കും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളില്‍ ലഭ്യമാകും. പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് ആവശ്യമുള്ള വിവിധതരം അരി ഉല്പന്നങ്ങളും ലഭിക്കും. 500 രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും. സബ്സിഡി നിരക്കില്‍ നല്‍കുന്ന വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി. ഒരാള്‍ക്ക് രണ്ട് ലിറ്റര്‍ വരെ ഈ നിരക്കില്‍ ലഭിക്കും. സബ്സിഡിയിതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപയാക്കി. കൂടാതെ, സബ്സിഡി ഇനങ്ങളായ ഉഴുന്ന്, കടല, വന്‍പയര്‍, തുവരപ്പരിപ്പ് എന്നിവയ്ക്ക് കിലോയ്ക്ക് രണ്ട് മുതല്‍ മൂന്ന് രൂപ വരെ വീണ്ടും കുറച്ചതായി മന്ത്രി അറിയിച്ചു. ജനുവരി മാസത്തെ സബ്സിഡി സാധനങ്ങള്‍ ഇന്നുമുതല്‍ തന്നെ സപ്പ്‌ലൈക്കോ വില്പനശാലകളില്‍ നിന്നും മുന്‍കൂട്ടി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫര്‍ എന്ന പേരില്‍ 12 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റ് ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ കിറ്റ് 500 രൂപയ്ക്ക് നല്‍കും. സപ്ലൈക്കോയുടെ പെട്രോള്‍ പമ്പുകളില്‍ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും 1,000 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ നല്‍കും. 1,000 രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ കൂപ്പണിന്മേല്‍ 50 രൂപ ഇളവ് ലഭിക്കും. സപ്ലൈകോ അത്യാധുനികരീതിയില്‍ ഒരുക്കുന്ന ഷോപ്പിങ് മാളായ സിഗ്നേച്ചര്‍ മാര്‍ട്ട് തലശ്ശേരി, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വെള്ള, നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് ജനുവരി മുതല്‍ സ്‌പെഷ്യല്‍ അരി ലഭിക്കും. അതുപോലെ രണ്ട് കിലോ വീതം ആട്ട 17 രൂപ നിരക്കില്‍ വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായി 6,459 മെട്രിക് ടണ്‍ ഗോതമ്പ് കേന്ദ്രം അനുവദിച്ചതിനാലാണ് ഇത് സാധ്യമായത്. അര്‍ഹരായ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

സപ്പ്‌ലൈകോയുടെ അന്‍പതാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് തയാറാക്കിയ മുന്‍ മാനേജിങ് ഡയറക്ടര്‍മാരുടെ അനുഭവക്കുറിപ്പുകള്‍ അടങ്ങിയ സുവനീര്‍ മന്ത്രി പ്രകാശനം ചെയ്തു. ഫെയറിലെ ആദ്യ വില്‍പ്പനയും മന്ത്രി നിര്‍വഹിച്ചു. അഡ്വ. ആന്റണി രാജു എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സപ്ലൈക്കോ മാനേജിങ് ഡയറക്ടര്‍ ജയകൃഷ്ണന്‍ വി എം സ്വാഗതം ആശംസിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ പി രമേഷ്, പൊതുവിതരണ കമ്മീഷണര്‍ ഹിമ കെ, സപ്ലൈക്കോ അഡിഷണല്‍ ജനറല്‍ മാനേജര്‍ എം ആര്‍ ദീപു, മേഖലാ മാനേജര്‍ സ്മിത തുടങ്ങിയവര്‍ സന്നിഹിതരായി.

Tags: