'തങ്ങള്‍ക്ക് വില നിശ്ചയിക്കുന്നു'; അലിഗഡ് മുസ് ലിം സര്‍വകലാശാലയിലെ ഫീസ് വര്‍ധനയ്‌ക്കെതിരേയുള്ള പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: അലിഗഡ് മുസ് ലിം സര്‍വകലാശാലയിലെ ഫീസ് വര്‍ധനവ്, വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ദീര്‍ഘകാലമായി നിര്‍ത്തിവച്ചത് തുടങ്ങിയ കാരണങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം ആറാം ദിവസത്തിലേക്ക് കടന്നു. ക്ലാസുകള്‍ ബഹിഷ്‌കരിച്ച വിദ്യാര്‍ഥികള്‍ ബാബ്-ഇ-സയ്യിദ് ഗേറ്റില്‍കുത്തിയിരിപ്പ് സമരം നടത്തി.
വിവിധ കോഴ്യുകളിലായി 25% മുതല്‍ 60% വരെ എന്ന നിലയില്‍ ഫീസ് വര്‍ധിപ്പിച്ചെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഫീസ് വര്‍ധന സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും ഉണ്ടായില്ലെന്നും സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പണമടയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് പരിഷ്‌കരിച്ച ഫീസിനെക്കുറിച്ച് ആദ്യം അറിഞ്ഞതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
രണ്ടാം വര്‍ഷ എല്‍എല്‍എം വിദ്യാര്‍ത്ഥിയായ സയ്യിദ് കൈഫ് പറഞ്ഞു, 'അഡ്മിനിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധനവ് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല. ഉദാഹരണത്തിന്, ബിഎ എല്‍എല്‍ബി കോഴ്സ് ഫീസ് ഈ വര്‍ഷം 14,975 രൂപയില്‍ നിന്ന് 18,700 രൂപയായി ഉയര്‍ന്നു. വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഇല്ലാതെ അക്കാദമിക് കൗണ്‍സില്‍ ആണ് ഈ തീരുമാനം എടുത്തത്.'
ജൂണ്‍ 4 ന് നടന്ന അക്കാദമിക് കൗണ്‍സില്‍ യോഗം നടത്തിയാണ് ഫീസ് വര്‍ധിപ്പിച്ചതെന്നു അ ആരോഗ്യ സംരക്ഷണം, ഹോസ്റ്റലുകള്‍, ക്യാമ്പസ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് പരിഷ്‌കരണം ലക്ഷ്യമിടുന്നതെന്നും സര്‍വകലാശാല അധികൃതര്‍ പറയുന്നു.
എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞതിനേക്കാള്‍ കൂടുതലാണ് വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്നും ഈടാക്കുന്നതെന്നും വിദ്യാഭ്യാസം വിലക്കെടുക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. എഎംയുവിലെ ഏകദേശം 80 ശതമാനം വിദ്യാര്‍ഥികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും താങ്ങാനാവുന്ന വിലയില്‍ വിദ്യാഭ്യാസം നല്‍കുന്നതിനാണ് എ.എം.യു സ്ഥാപിതമായത്. സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ സ്വപ്നത്തിന് എതിരാണ് ഈ നീക്കംമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
2018 മുതല്‍ എഎംയു സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല.ഇത് വിദ്യാര്‍ഥികളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള പദ്ധതിയാണെന്നും എഎംയു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഹംസ സുഫിയാന്‍ പറഞ്ഞു. ''അക്കാദമിക് കൗണ്‍സിലില്‍ മുമ്പ് വിദ്യാര്‍ഥിി പ്രതിനിധികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല. വിദ്യാര്‍ഥികളുടെ പങ്കാളിത്തമില്ലാതെയാണ് ഇപ്പോള്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത്,'' അദ്ദേഹം ആരോപിച്ചു.

