ഇഡി റെയ്ഡ്; കൊല്‍ക്കത്തയില്‍ കൂറ്റന്‍ റാലിയുമായി മമത

ഹരജി പരിഗണിക്കാതെ ജഡ്ജി കോടതിമുറിയില്‍നിന്ന് ഇറങ്ങിപ്പോയി

Update: 2026-01-09 13:32 GMT

കൊല്‍ക്കത്ത: ഐ-പാക്കിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിച്ചു. കൊല്‍ക്കത്തയിലെ ജാദവ്പുരില്‍നിന്ന് ഹസ്ര ക്രോസിങ് വരേയാണ് മമതയും പാര്‍ട്ടിപ്രവര്‍ത്തകരും കൂറ്റന്‍ പ്രതിഷേധറാലി സംഘടിപ്പിച്ചത്. ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ബിജെപിയുടെ ആവശ്യമെന്നും അതിനായി അവര്‍ സാധ്യമായ എല്ലാമാര്‍ഗങ്ങളും ഉപയോഗിക്കുകയാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു.

ഐ-പാക് റെയ്ഡുമായി ബന്ധപ്പെട്ട ഹരജികള്‍ കല്‍ക്കട്ട ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിച്ചില്ല. ഹരജികള്‍ പരിഗണിക്കാനിരിക്കെ കോടതിമുറിയിലെ നിയന്ത്രണാതീതമായ ജനത്തിരക്ക് ചൂണ്ടിക്കാട്ടി ഹരജികള്‍ പരിഗണിക്കേണ്ടിയിരുന്ന ജസ്റ്റിസ് സുവ്രഘോഷ് കോടതിമുറിയില്‍നിന്ന് ഇറങ്ങിപ്പോയി. ഇതോടെയാണ് വെള്ളിയാഴ്ച ഹരജികള്‍ പരിഗണിക്കാതിരുന്നത്. ഇനി ബുധനാഴ്ചയാകും ഐ-പാക് റെയ്ഡുമായി ബന്ധപ്പെട്ട ഹരജികള്‍ കല്‍ക്കട്ട ഹൈക്കോടതി പരിഗണിക്കുക.

തൃണമൂല്‍ കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കണ്‍സള്‍ട്ടന്‍സിയാണ് ഐ-പാക്ക്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിശോറാണ് ഐ-പാക്കിന്റെ സ്ഥാപകന്‍. കഴിഞ്ഞദിവസമാണ് കൊല്‍ക്കത്തയിലെ ഐ-പാക് ഓഫീസിലും ഐ-പാക് ഡയറക്ടര്‍ പ്രതിക് ജയിനിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയത്. എന്നാല്‍, റെയ്ഡ് വിവരമറിഞ്ഞ് മുഖ്യമന്ത്രി മമത ബാനര്‍ജി പോലിസുമായി ഇവിടേക്കെത്തി. തുടര്‍ന്ന് ലാപ്ടോപ്പുകളും ഫയലുകളുമായാണ് മമത ഇവിടെനിന്ന് മടങ്ങിയത്.

അതേസമയം, മമതാ ബാനര്‍ജിക്കെതിരേ ബിജെപിയും രംഗത്തെത്തി. തൃണമൂലും മമതാ ബാനര്‍ജിയും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇഡി ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മമതയെ പ്രതിയാക്കി കേസെടുക്കണം. മമതാ ബാനര്‍ജിയുടെ കഴിഞ്ഞദിവസത്തെ കിരാതമായ നടപടിക്കളെക്കുറിച്ച് ദുരൂഹതകളുണ്ട്. അവരേയും അവരുടെ പാര്‍ട്ടിയേയും കുരുക്കിലാക്കുന്ന എന്തോ ഒളിപ്പിക്കാനാണ് മമതയുടെ ശ്രമമെന്നും ബിജെപി നേതാവ് ആരോപിച്ചു.

Tags: