കൊച്ചി: കിഫ്ബിക്കെതിരെയുള്ള ഇ ഡി നോട്ടിസ് പരിഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ആകുമ്പോള്‍ ഇങ്ങനെ പലതുംവരുമെന്നും, ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചാത്തലസൗകര്യ വികസനത്തിനായാണ് കിഫ്ബിയെ കൊണ്ടുവന്നത്. അഞ്ച് വര്‍ഷംകൊണ്ട് 50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യവികസനം നടപ്പാക്കുമെന്ന് 2016ല്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. ബദല്‍ സാമ്പത്തിക സ്രോതസ്സായി കിഫ്ബി ഫലപ്രദമായി പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി നിര്‍വഹിച്ച കാര്യങ്ങളെല്ലാം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡങ്ങള്‍ പ്രകാരമാണ്. ആര്‍ബിഐയുടെ മാന?ദണ്ഡങ്ങളില്‍നിന്ന് അണുകിട വ്യതിചലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 62,000 കോടി രൂപയുടെ പദ്ധതികളാണ് ആ ഘട്ടത്തില്‍ കിഫ്ബി ഏറ്റെടുത്തത്. ഇപ്പോള്‍ കിഫ്ബി വഴിയുള്ള പദ്ധതികള്‍ 90,000 കോടിരൂപ കടന്നു. ഇത്തരത്തിലുള്ള പദ്ധതികള്‍ക്കാണ് പണം ചിലവഴിക്കുന്നത്. രണ്ട് കയ്യും ഉയര്‍ത്തിക്കൊണ്ട് പറയും, അത് ഞങ്ങള്‍ ചെയ്തതാണെന്ന് എന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.