പി വി അന്‍വറിന്റെ വീട്ടിലെ ഇഡി പരിശോധന പൂര്‍ത്തിയായി

ഇന്നലെ രാവിലെ ഏഴുമണിക്ക് തുടങ്ങിയ പരിശോധന രാത്രി 9.30നാണ് അവസാനിച്ചത്

Update: 2025-11-22 02:28 GMT

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിന്റെ വീട്ടിലെ ഇഡി പരിശോധന പൂര്‍ത്തിയായി. ഇന്നലെ രാവിലെ ഏഴു മണിക്ക് ആരംഭിച്ച പരിശോധന രാത്രി 9.30നാണ് അവസാനിച്ചത്. പതിനാലര മണിക്കൂര്‍ നേരത്തെ പരിശോധനക്ക് ശേഷം അന്വേഷണ സംഘം മടങ്ങി. അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരിശോധന കഴിഞ്ഞ ശേഷം അവര്‍ പോയി എന്നും അന്‍വര്‍ വ്യക്തമാക്കി. നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഹാജരാകേണ്ട കാര്യം പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.

പി വി അന്‍വറിന്റെ മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. സ്ഥലത്തിന്റെ രേഖകള്‍ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയില്‍ നിന്നുള്ള സംഘമാണ് അന്‍വറിന്റെ വസതിയിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും പരിശോധന നടത്തിയത്. അന്‍വറിന്റെ സഹായിയായ സിയാദിന്റെ എടവണ്ണയിലെ വീട്ടിലും പരിശോധന നടന്നു. പരിശോധനയ്ക്കിടെ വീട്ടിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവത്തകര്‍ അന്‍വറിനെ കാണാന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പിന്നാലെ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

2015ല്‍ കെഎസ്എഫ്ഇയില്‍ നിന്നും 12 കോടിയുടെ വായ്പയെടുത്തു ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തട്ടിപ്പു നടത്തിയെന്നായിരുന്നു വിജിലന്‍സ് കേസ്. ഇത് തിരിച്ചടച്ചില്ലെന്നാണ് പരാതി. പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. ഇത് കെഎഫ്‌സിക്ക് വന്‍ നഷ്ടം വരുത്തിയെന്നായിരുന്നു പരാതി. ഇതിനു പിന്നാലെയാണ് ഇഡിയുടെയും പരിശോധന. പി വി അന്‍വറിന്റെ ഒതായിലെ വീടിനു പുറമെ മഞ്ചേരിയിലെ സില്‍സില പാര്‍ക്കിലും ഇഡി റെയ്ഡ് നടത്തി. അന്വേഷണവുമായി ബന്ധപ്പെട്ട് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ വീട്ടിലും പരിശോധന നടന്നിരുന്നു. കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് ഇഡിയുടെ പരിശോധന. അതേസമയം, അന്‍വറിനെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചു.

ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിലാണ്. നിലമ്പൂരിലെ എംഎല്‍എയായിരുന്ന അന്‍വര്‍ കഴിഞ്ഞ തവണ നിലമ്പൂരില്‍ പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.