തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നടത്തിയ നിയമനങ്ങളില്‍ അഴിമതി ആരോപിച്ച് ഇഡി
കേസെടുക്കാന്‍ ആവശ്യപ്പെട്ട് പോലിസിന് കത്ത്
തമിഴ്നാട്: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജോലിക്ക് കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതായി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കൈമാറിയ നിയമന ഉത്തരവുകളുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ആരോപണം. ഈ വര്‍ഷം ഓഗസ്റ്റ് ആറിന് സ്റ്റാലിന്‍ കൈമാറിയ നിയമന ഉത്തരവുകളുമായി ബന്ധപ്പെട്ടാണ് ആരോപണം. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇഡി തമിഴ്നാട് പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്‌നാട് മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് വാട്ടര്‍ സപ്ലൈ വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, ജൂനിയര്‍ എഞ്ചിനീയര്‍മാര്‍, ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ തുടങ്ങിയ തസ്തികകളില്‍ നിയമനത്തിന് കോഴ വാങ്ങിയെന്നാണ് ഇഡി പറയുന്നത്. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ടിവിഎച്ച്, ഡിഎംകെ മന്ത്രി കെ എന്‍ നെഹ്രുവിന്റെ ബന്ധുവും ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡിലാണ് ഇത് കണ്ടെത്തിയതെന്ന് ഇഡി പോലിസിന് അയച്ച കത്തില്‍ പറയുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ 25 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെ കൈക്കൂലി നല്‍കിയതായാണ് ആരോപണം. 2024-25, 2025-26 വര്‍ഷങ്ങളിലെ നിയമന പ്രക്രിയയില്‍ കൃത്രിമം നടന്നതായും ചില വ്യക്തികള്‍ക്ക് പരീക്ഷാ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിച്ചതായും ഇഡി അവകാശപ്പെടുന്നുണ്ട്. കൈക്കൂലി നല്‍കിയ 150 ഓളം ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചതായി തെളിവുകള്‍ സൂചിപ്പിക്കുന്നുവെന്നാണ് ഇഡി നല്‍കിയ കത്തില്‍ പറയുന്നത്. പോലിസിന് അയച്ച കത്തില്‍ നിരവധി ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേരുകള്‍ ഇഡി പരാമര്‍ശിച്ചതായും വിവരമുണ്ട്. സംസ്ഥാന പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താലേ ഇഡിക്ക് ഇതില്‍ അന്വേഷണം തുടങ്ങാന്‍ കഴിയൂ. അതിനാലാണ് കേസെടുക്കാനാവശ്യപ്പെട്ട് ഇഡി കത്തയച്ചിരിക്കുന്നത്.
