ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ നിന്നും മുസ്‌ലിംകളെ പുറത്താക്കിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2025-10-16 13:08 GMT

ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും മുസ്‌ലിംകളെ പുറത്താക്കിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണമുന്നയിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്നും സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ ആരോപിച്ചു. ബിഹാറിലെ ''വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം'' അട്ടിമറിക്കാനും രാജ്യം മുഴുവന്‍ അത് നടപ്പാക്കുന്നത് തടയാനുമാണ് ഹരജിക്കാര്‍ ശ്രമിക്കുന്നതെന്നും കമ്മീഷന്‍ ആരോപിച്ചു. '' കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടര്‍മാരില്‍ 25ശതമാനം പേരും ഒടുവില്‍ നീക്കം ചെയ്യപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരില്‍ 34ശതമാനം പേരും മുസ് ലിംകളാണെന്ന് ഹരജിക്കാര്‍ ആരോപിക്കുന്നു. പേര് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചാണ് ഈ കണക്ക് കൊണ്ടുവരുന്നത്. അതിന്റെ കൃത്യതയോ അനുയോജ്യതയോ വിലയിരുത്താന്‍ കഴിയില്ല. ഈ വര്‍ഗീയ സമീപനം തള്ളിക്കളയേണ്ടതാണ്.''-സത്യവാങ്മൂലം പറയുന്നു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി നവംബര്‍ നാലിനാണ് പരിഗണിക്കുക. അന്ന് സത്യവാങ്മൂലം സുപ്രിംകോടതി പരിശോധിക്കും.