ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം; 4.6 തീവ്രത രേഖപ്പെടുത്തി

Update: 2026-02-02 05:58 GMT

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപ്‌സമൂഹത്തിലെ നിക്കോബാര്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 3.30ഓടെയാണ് ഭൂമി കുലുങ്ങിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചതനുസരിച്ച് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. 92.78 ഡിഗ്രി ഈസ്റ്റ് ലാംഗ്വിറ്റിയൂഡിലും 9.03 ഡിഗ്രി നോര്‍ത്ത് ലാറ്റിറ്റിയൂഡിലുമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്.

ഇതുവരെ ജീവഹാനിയോ ആസ്തിനാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഭൂകമ്പസാധ്യതയുള്ള 'സീസ്മിക് സോണ്‍-5' വിഭാഗത്തിലാണ് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ ഉള്‍പ്പെടുന്നത്. അതിനാല്‍ പ്രദേശത്ത് ചെറുതും വലുതുമായ ഭൂചലനങ്ങള്‍ പതിവാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ഇന്ന് പുലര്‍ച്ചെ ജമ്മു-കശ്മീരിലെ ബാരാമുള്ളയിലും 4.7 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്. ആന്‍ഡമാന്‍ മേഖലയില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

Tags: