സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തി
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സൗദി ജിയോളജിക്കല്‍ സര്‍വേയുടെ നാഷണല്‍ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വര്‍ക്കിലെ സ്‌റ്റേഷനുകള്‍ ഇന്ന് രാവിലെ 1.11നാണ് ഭൂചലനം രേഖപ്പെടുത്തിയത്. അല്‍ അഹ്‌സ ഗവര്‍ണറേറ്റിലെ ഹറദ് പ്രദേശത്തില്‍ നിന്ന് ഏകദേശം ഒന്‍പത് കിലോമീറ്റര്‍ കിഴക്കായിട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മേഖലകളില്‍ കുലുക്കം അനുഭവപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭൂചലനത്തെ തുടര്‍ന്ന് ആളപായമോ വന്‍ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥിതി നിരീക്ഷണവിധേയമാണെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.