അഹമ്മദാബാദ്: തെക്കന്‍ ഗുജറാത്തിലെ നവ്‌സാരി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി. പുലര്‍ച്ചെ 5.27ഓടെയാണ് വാന്‍സ്ഡയില്‍ നിന്ന് ഏകദേശം 22 കിലോമീറ്റര്‍ കിഴക്ക് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ വസ്തുവക നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.
ഉയര്‍ന്ന ഭൂകമ്പ സാധ്യതയുള്ള മേഖലയായ ഗുജറാത്തില്‍ ഇത്തരം ചെറിയ കുലുക്കങ്ങള്‍ ഇടയ്ക്കിടെ അനുഭവപ്പെടുന്നത് അസാധാരണമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒന്‍പത് വലിയ ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.