തമിഴ്‌നാട് വിരുതുനഗര്‍ ജില്ലയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.0 തീവ്രത
വിരുതുനഗര്‍: തമിഴ്‌നാട്ടിലെ വിരുതുനഗര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി ഭൂചലനം അനുഭവപ്പെട്ടു. രാത്രി 9.06 ഓടെയുണ്ടായ പ്രകമ്പനം പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ വിവരങ്ങള്‍ പ്രകാരം, റിക്ടര്‍ സ്‌കെയിലില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ശിവകാശിയില്‍ നിന്ന് ഏകദേശം പത്തു കിലോമീറ്റര്‍ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ ഏകദേശം പത്തു കിലോമീറ്റര്‍ ആഴത്തിലാണ് ചലനം ഉണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. ശിവകാശിക്ക് പുറമേ ശ്രീവില്ലിപുത്തൂര്‍, വിരുതുനഗര്‍ ടൗണ്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ശ്രീവില്ലിപുത്തൂര്‍ മേഖലയില്‍ അടുത്തടുത്ത് രണ്ടു തവണ ഭൂമി കുലുങ്ങിയതായി പ്രദേശവാസികള്‍ അറിയിച്ചു. നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന പ്രകമ്പനത്തെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി തെരുവുകളില്‍ അഭയം തേടുകയായിരുന്നു. എന്നാല്‍ ഭൂചലനത്തെ തുടര്‍ന്ന് ജില്ലയില്‍ എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.