കാംചത്ക: റഷ്യയിലെ കാംചത്കയുടെ കിഴക്കന്‍ തീരത്ത് ഭൂകമ്പം. രാവിലെയാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പ്രകാരം, റഷ്യന്‍ നഗരമായ പെട്രോപാവ്‌ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് 128 കിലോമീറ്റര്‍ അകലെ, 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് 5.8 തീവ്രത രേഖപ്പെടുത്തിയ അഞ്ച് തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. തീരത്ത് 30 മുതല്‍ 62 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നതിനാല്‍ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് ഉണ്ടായ ഭൂകമ്പം ഉള്‍പ്പെടെ 7.0 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തീവ്രതയുള്ള നാല് വലിയ ഭൂകമ്പങ്ങള്‍ മേഖലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.എല്ലാ അടിയന്തര സേവനങ്ങളും എത്തിക്കുമെന്നും അതീവ ജാഗ്രതയോടെയാണ് മുന്നോട്ടു പോകുന്നതെന്നും കാംചത്ക ഗവര്‍ണര്‍ വ്ളാഡിമിര്‍ സോളോഡോവ് പറഞ്ഞു.
യുഎസ് നാഷണല്‍ വെതര്‍ സര്‍വീസും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും അലാസ്‌കയുടെ ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു, പിന്നീട് അത് പിന്‍വലിച്ചു. കംചത്ക ഉയര്‍ന്ന ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ്. കഴിഞ്ഞ ആഴ്ചയില്‍ 7-ല്‍ കൂടുതല്‍ തീവ്രതയുള്ള രണ്ട് ഭൂകമ്പങ്ങളെങ്കിലും ഇവിടെ ഉണ്ടായിട്ടുണ്ട്.
പസഫിക് സമുദ്രത്തിലെ 'റിംഗ് ഓഫ് ഫയര്‍' ന്റെ ഭാഗമായ റഷ്യയിലെ കംചത്ക മേഖല ഈ വര്‍ഷം ഭൂകമ്പ പ്രവര്‍ത്തനങ്ങളുടെ ഒരു കേന്ദ്രമായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ആകെ 1,200-ലധികം ഭൂകമ്പങ്ങള്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.ഇവയില്‍ ഭൂരിഭാഗവും ചെറുതായിരുന്നു (2.0 മുതല്‍ 4.0 വരെ തീവ്രത), എന്നാല്‍ 4.0 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തീവ്രതയുള്ള 150-ലധികം ഭൂകമ്പങ്ങള്‍ ഉണ്ടായി. 7.0 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തീവ്രതയുള്ള നാല് വലിയ ഭൂകമ്പങ്ങള്‍ ഈ മേഖലയില്‍ രേഖപ്പെടുത്തി.
2025-ല്‍ ഉണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പം ജൂലൈ 30-ന് റഷ്യയിലെ കാംചത്കയില്‍ ഉണ്ടായി, റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്. ഇത് നിരവധി രാജ്യങ്ങളെ ബാധിച്ചു.ഈ ഭൂകമ്പങ്ങള്‍ സമുദ്ര മേഖലകളിലാണ് ഉണ്ടായത് ഓഗസ്റ്റ് 3 ന്, കംചത്കയിലെ കുറില്‍ ദ്വീപുകള്‍ക്ക് സമീപം 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഉണ്ടായി.

