ഫിലിപ്പീന്‍സില്‍ ഭൂചലനം; 27 മരണം
120 പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഉയരാന്‍ സാധ്യത
മനില: ഫിലിപ്പീന്‍സില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ 27 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഫിലിപ്പിന്‍സിലുണ്ടായത്. 120 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏകദേശം 90,000 ആളുകള്‍ വസിക്കുന്ന തീരദേശ നഗരമായ ബോഗോയില്‍നിന്ന് 17 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുനൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി.
ബോഗോയില്‍ 14 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. മലയോര പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കൂട്ടം വീടുകള്‍ മണ്ണിനടിയിലായി. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.
ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന പസഫിക്കിലെ 'റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന മേഖലയിലാണ് ഫിലിപ്പീന്‍സ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പതിവായി ഭൂകമ്പങ്ങള്‍, അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍, ഏകദേശം ഓരോ വര്‍ഷവും 20 ചുഴലിക്കാറ്റുകളും ഉഷ്ണമേഖല കൊടുങ്കാറ്റുകളും ഉണ്ടാകാറുണ്ട്.