മനില: ഫിലിപ്പീന്‍സില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം രാവിലെ 9.43 നായിരുന്നു സംഭവം. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത രണ്ടുമണിക്കൂറിനിടെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ ജീവന് ഭീഷണിയായേക്കാവുന്ന ഉയരത്തിലുള്ള തിരമാലകള്‍ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളില്‍ നിന്നുള്ളവരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മിന്‍ഡാനാവോയിലെ ഡാവോ ഓറിയന്റലിലെ മനായ് പട്ടണത്തില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഫിലിപ്പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്മോളജി അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 186 മൈല്‍ ചുറ്റളവില്‍ അപകടകരമായ തിരമാലകള്‍ ഉണ്ടാകാമെന്ന് ഹവായിയിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഫിലിപ്പീന്‍സിലെ ഭൂചലനത്തിന് പിന്നാലെ ഇന്തൊനേഷ്യയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ സുലവെസിയിലും പാപ്പുവയിലുമാണ് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.